ധനുഷ് വെട്രിമാരന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്. മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്. ഇപ്പോഴിതാ ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. മഞ്ജുവാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. ഒരു അസ്സല് തമിഴ് പെണ്ണായാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അതേസമയം രണ്ട് വിത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് എത്തുന്നത്. കലിപ്പു ലുക്കിലുളളതാണ് ധനുഷിന്റെ ഒരു ലുക്ക്.
ശാന്ത മുഖഭാവത്തോടെയുള്ളതാണ് താരത്തിന്റെ മറ്റൊരു ലുക്ക്. അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ധനുഷിന്റെ രംഗപ്രവേശം. ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. വട്ടപൊട്ടും കൈനിറയെ വളകളുമിട്ട് ധനുഷിനോട് ചേര്‍ന്നു നില്ക്കുന്ന മഞ്ജു വാര്യരുടെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിനും ലഭിച്ചത്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്’ ഒരുങ്ങുന്നത്.
എന്നാല്‍ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന് നിര്‍മ്മിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്, യോഗി ബാബു, ആടുകളം നരന്, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ നാലിന് അസുരന് തീയറ്ററുകളിലെത്തും.