നീണ്ട തര്‍ക്കത്തിനൊടുവില്‍ പാലായില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞുവെങ്കിലും, മുന്നണി ക്യാമ്പിലെ അവ്യക്തത ഒഴിഞ്ഞിട്ടില്ല. ജോസ് ടോമിന് ചിഹ്നം അനുവദിക്കാനാവില്ല എന്ന നിലപാടില്‍ തുടരുകയാണ് പി.ജെ ജോസഫ്.
ജോസ് ടോമിന് രണ്ടില ചിഹ്നം നൽകുന്നതിന് സാങ്കേതിക തടസം ഉണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിഹ്നം സംബന്ധിച്ച ചോദ്യത്തിന് പി.ജെ ജോസഫ് മറുപടി പറഞ്ഞു. എന്നാല്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി.
അതേസമയം ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നെന്നും എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടാകുമെന്നും ജോസ് കെ മാണി പാലായില്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും പരസ്യമായി അതൃപ്തി പ്രകടമാക്കിയ ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തീവ്രഗതിയിലാണ്. ജോസഫിന്റെ ഔദാര്യത്തില്‍ ചിഹ്നം വേണ്ടെന്ന ജോസ് ടോമിന്റെ ഇന്നലത്തെ പരാമര്‍ശവും കാര്യങ്ങളെ കൂടുതല്‍ വഷളാക്കി.
രണ്ട് പക്ഷവും തങ്ങളാണ് ഔദ്യോഗികമെന്ന് അവകാശപ്പെടുമ്പോള്‍ നിയമകുരുക്ക് ഉണ്ടെന്നതാണ് ജോസഫിന്റെ വാക്കുകളുടെ ആകെ തുക. രണ്ടില ചിഹ്നം ഇല്ലെങ്കിലും പ്രശ്നമില്ലെന്നും മാണിയാണ് പാലായുടെ ചിഹ്നമെന്ന് ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടില ചിഹ്നം കൈവിടുന്നത് അണികള്‍ എങ്ങനെ കാണുമെന്ന ചോദ്യം ഇതിനിടയില്‍ ജോസ് പക്ഷത്തെ അലട്ടുന്നുണ്ട്.