India Kerala

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ കനത്ത പിഴ

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നാളെ മുതല്‍ കനത്ത പിഴ. ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ പ്രാബല്യത്തില്‍ വരും. ബോധവത്ക്കരണ പരിപാടികളുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തുണ്ട്.

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ വര്‍ഘിപ്പിച്ചു കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000 രൂപയാണ്. നേരത്തെ ഇത് 1000 രൂപയായിരുന്നു.

ഹെല്‍മറ്റ്/സീറ്റ് ബെല്‍റ്റ് ഇല്ലാതെ വരുന്നവര്‍ക്ക് ഇനി 100 രൂപ കൊടുത്തു രക്ഷപ്പെടാനാകില്ല. മിനിമം 1000 രൂപയെങ്കിലും വേണം കൈയ്യില്‍. അമിത വേഗത്തിനുള്ള പിഴത്തുകയും 1000മായി ഉടര്‍ത്തി.

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ഓടിച്ചാല്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കാന്‍ കഴിയുന്ന തുക പോലീസ് കൊണ്ടുപോകും. 10,000രൂപ.

മദ്യപിച്ചു ഓടിക്കുന്നവരെ കാത്തിരിക്കുന്നതും 10,000 രൂപയാണ്. അമിത ആളെ കയറ്റി ഇരുചക്ര വാഹനമോടിച്ചാല്‍ 2000 രൂപ നല്‍കേണ്ടി വരും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോചിച്ചാല്‍ പിഴ തുക 25,000 ആണ്. ഇവര്‍ക്ക് 25 വയസ്സ് തികയുന്നത് വരെ ലൈസന്‍സും അനുവദിക്കില്ല. ഓടിക്കുന്ന വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തക്ക് റദ്ദു ചെയ്യുകയും ചെയ്യും.

ചുരുക്കി പറഞ്ഞാല്‍ കീശ കാലിയാവാതെ പോകണമെങ്കില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക.