മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന ആരോപണത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷം. മറ്റൊരു ഉന്നാവോ സംഭവമാക്കി കേസിനെ മാറ്റരുതെന്നും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിച്ചു. ഡല്‍ഹി ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രിം കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ മാസം 24നാണ് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച് ഷാജഹാന്‍പൂര്‍ എസ്.എസ് കോളജിലെ നിയമ വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. പിന്നീട് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസ് സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് 28ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പെണ്‍കുട്ടിയെ കണ്ടെത്താനായി എങ്കിലും കേസിലെ തുടര്‍നീക്കം ഇഴഞ്ഞു നീങുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. ഉന്നാവോ കേസിലുലുണ്ടായ കാലതാമസം ഈ കേസിലും ആവര്‍ത്തിക്കുന്നതായും ചൂണ്ടിക്കാണിക്കുന്നു.
2011ല്‍ സ്വാമി ചിന്മയാനന്ദിനെതിരെ ഉണ്ടായിരുന്ന പീഡന കേസ് പിന്‍വലിക്കാനുള്ള നീക്കം യോഗി സര്‍ക്കാര്‍ നടത്തിയതാണെന്നും ഷാജഹാന്‍പൂര്‍കോടതി തള്ളിയതിനാലാണ് നടക്കാതെ പോയതെന്നും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. അതേസമയം ഡല്‍ഹി ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. കേസ് തിങ്കഴാഴ്ച വീണ്ടും പരിഗണിക്കും.