India International

മാന്ദ്യം തന്നെ; വീണ്ടും ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ശക്തമായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. 10 പ്രധാന ബാങ്കുകളെ ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റാനാണ് തീരുമാനം. 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിയെ നിയമിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. 5 ട്രില്യന്‍ വളര്‍ച്ച കൈവരിക്കുക, വായ്പ ലഭ്യതയും പണ ലഭ്യതയും വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നീക്കം‍. ഇതിനായി വലിയ 4 ബാങ്ക് ലയനങ്ങളാണ് പ്രഖ്യാപിച്ചത്.

നീരവ് മോദി സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ 250 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾ നിരീക്ഷിക്കാൻ പ്രത്യേക ഏജൻസിയെ നിയോഗിക്കും. പൊതു മേഖല ബാങ്കുകളില്‍ ചീഫ് റിസ്ക് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.

അതേസമയം രാജ്യത്ത് സാമ്പത്തിക അടിയന്തര അവസ്ഥ പ്രഖ്യാപിക്കണമെന്നും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കിട്ടാക്കടത്തെയും സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മൻമോഹൻ സിങ് ഡോക്‌ടറെ പോലെ പരിപാലിച്ച സമ്പദ് വ്യവസ്ഥ വച്ച് സര്‍ക്കസ് കളിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ഗൌരവ് വല്ലഭ് വിമര്‍ശിച്ചു.