ജോസ് കെ. മാണി വിഭാഗം നടത്തുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കടുത്ത അതൃപ്തിയുമായി ജോസഫ് വിഭാഗം. നാടകങ്ങളും തിരക്കഥയും എല്ലാവരും കാണുന്നുണ്ടെന്ന് ജോയ് എബ്രാഹാം പറഞ്ഞപ്പോള്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് മാത്രമേ ചിഹ്നം നല്‍കൂ എന്ന് പി.ജെ ജോസഫും പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പല പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും ഇപ്പോള്‍ നിഷാ ജോസ് കെ. മാണിയിലേക്ക് തന്നെയാണ് ജോസ് കെ. മാണി വിഭാഗം എത്തി നില്‍ക്കുന്നത്. ഇതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കെ.എം മാണിയുടെ വീട്ടില്‍ നിന്ന് തന്നെ ഒരാള്‍ മത്സരിക്കണമെന്ന് ജോസ് കെ. മാണി വിഭാഗം ആവശ്യപ്പെടുന്നതിനെ നാടകമായിട്ടാണ് ജോസഫ് വിഭാഗം കാണുന്നത്.
യു.ഡി.എഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് പറയുമ്പോഴും തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നവരല്ലെങ്കില് ചിഹ്നമടക്കം നല്‍കില്ലെന്ന സൂചനയാണ് ജോസഫ് വിഭാഗം നല്‍കുന്നത്. സ്ഥാനാര്‍ത്ഥിയെ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്നാല്‍ ജോസഫിന് കൂടി അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കില്ല.