India National

ഇസ്രായേല്‍ പ്രധാനമന്ത്രി സെപ്തംബറിലെത്തും

കോടികളുടെ പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി നെതന്യാഹു സെപ്റ്റംബര്‍ ആദ്യവാരം എത്തുമെന്നാണ് റിപ്പോര്‍ട്ട്.

കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ രംഗത്തെ കരാറുകള്‍ക്കാണ്‌ പ്രാതിനിധ്യം നല്‍കുക. വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള ‘എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റ’ത്തിന്റെ (അവാക്സ്) രണ്ട് യൂണിറ്റുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറാണ് ഇതിലൊന്ന്. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന 70 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള എയര്‍ ടു എയര്‍ മിസൈലായ ‘ഡെര്‍ബി’യുടെ പരിഷ്‌കരിച്ച പതിപ്പ് വാങ്ങാനുള്ളതാണ് മറ്റൊരു കരാര്‍.

നിലവില്‍ ഇന്ത്യയുടെ പക്കല്‍ റഷ്യന്‍ നിര്‍മിത എ-50, ഇസ്രായേലിന്റെ ഫാല്‍കണ്‍ അടക്കം അഞ്ച് അവാക്സ് സംവിധാനമാണ് ഉള്ളത്. ഇതു കൂടാതെയാണ് 200 കോടി ഡോളറിന്റെ കരാറില്‍ രണ്ടെണ്ണം കൂടി വാങ്ങാനൊരുങ്ങുന്നത്.

ഫെബ്രുവരി 27 ന് പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണ നീക്കത്തില്‍ പാക്ക് വ്യോമസേന 70 കിലോമീറ്റര്‍ പരിധിയുള്ള എ.ഐ.എം 120 സി മിസൈല്‍ പ്രയോഗിച്ചിരുന്നു. സമാനമായി ഇന്ത്യയുടെ പക്കലുള്ള മിസൈലിന് അത്രയും പ്രഹര പരിധിയില്ലതിനാല്‍ 70 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള ഡെര്‍ബി മിസൈല്‍ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

സുഖോയ് 30 എം.കെ.ഐ വിമാനത്തില്‍ ഘടിപ്പിക്കാനായാണ് ഇവ വാങ്ങുന്നത്. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥ സംഘം സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയിലെത്തും.