കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും മുന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യു.ഡി.എഫിന് ലഭിച്ചത് 49667 വോട്ടാണ് എൽ.ഡി.എഫ് 46906 വോട്ടും എൻ.ഡി.എ 46506 വോട്ടും നേടിയിരുന്നു. വോട്ടുകളുടെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമുള്ളതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശിന്റെ നിലപാട് നിർണ്ണായകമാവും. ജാതി മത സാമുദായിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ സ്ഥാനാർത്ഥിയാവും. എൽ.ഡി.എഫിൽ നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.യു ജനീഷ് കുമാറിനാണ് നിലവിൽ സാധ്യത. ശബരിമല വിഷയത്തിലെ നിലപാടിൽ വരുത്തിയ മാറ്റം ഗുണം ചെയ്യുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. എൻ.ഡി.എയും താഴെ തട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയിൽ നിന്ന ശോഭ സുരേന്ദ്രന്റെയും ടി.പി സെൻകുമാറിന്റെ പേര് ചർച്ചയ്ക്ക് വന്നിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായവും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാനമാവും.