ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയുമാണ് തടഞ്ഞത്. ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ തടഞ്ഞത്.
കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്സംഘം വിലയിരുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം എത്തിയത്. സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, മനോജ് ഝാ തുടങ്ങിയവരാണ് രാഹുലിനൊപ്പമുള്ള സംഘത്തിലുള്ളത്. കശ്മീരിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ടായിരുന്നു.
ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷ നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വി.ഐ.പി ഗസ്റ്റ് റൂമിലേക്കാണ് മാറ്റിയത്. തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമസംഘത്തിലെ സ്ത്രീകള്‍ അടക്കമുള്ള അംഗങ്ങള്‍ക്ക് നേരെ കയ്യേറ്റമുണ്ടായതായും ആരോപണം ഉയരുന്നുണ്ട്.
കശ്മീരിലെ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് പ്രതിപക്ഷ നേതാക്കളേയും മാധ്യമപ്രവര്‍ത്തകരേയും തടഞ്ഞത്. ആഗസ്ത് അഞ്ച് മുതല്‍ ആരംഭിച്ച ജമ്മുകശ്മീരിലെ പ്രതിസന്ധി രൂക്ഷമാവുകയാണെന്ന് ആശങ്കയുണ്ട്.
കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ ആവശ്യം. തുടര്‍ന്നാണ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തു. എന്നാല്‍ ഇതോടെ ഗവര്‍ണ്ണര്‍ നിലപാട് മാറ്റി.
അതേസമയം വീട്ടുതടങ്കലില്‍ കഴിയുന്ന കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കായി സിപിഎം സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്കി.