ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആഗസ്റ്റ് ഒമ്പത് മുതൽ ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയിംസ്) ചികിത്സയിലായിരുന്നു. ആരോഗ്യനില തീർത്തും മോശമാണെന്ന് ഇന്നലെ എയിംസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.
66-കാരനായ ജെയ്റ്റ് കഴിഞ്ഞ വർഷം വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിനുശേഷം ധനകാര്യമന്ത്രി സ്ഥാനത്തുനിന്ന് ദീർഘ അവധിയെടുത്ത അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് രണ്ടാം മോദി സർക്കാർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രമേഹ രോഗികൂടിയായ അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിലെ ഇടക്കാല ബജറ്റ് സെഷനിലും പങ്കെടുത്തിരുന്നില്ല.
ശസ്ത്രക്രിയക്കു ശേഷം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത ജയ്റ്റ്ലി ഫെബ്രുവരിയിൽ അമേരിക്കയിൽ പോയി ചികിത്സ തേടിയിരുന്നു. മെയ് മാസത്തിൽ എയിംസിലും ചികിത്സ തേടിയിരുന്നു.