India Kerala

കെവിന്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്

കെവിന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നന്ന് കോടതി കണ്ടെത്തിയിരുന്നു. ദുരഭിമാനകൊലയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുരഭിമാനകൊലയായി കണ്ടെത്തുന്ന കേസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നാണ് സുപ്രിം കോടതിയുടേതടക്കമുള്ള വിധിന്യായങ്ങൾ പറയുന്നത്. ആയതു കൊണ്ട് തന്നെ വധശിക്ഷയടക്കം പ്രതികൾക്കു് ലഭിച്ചേക്കാം

ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ കുറ്റം തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യ കേസാണ് കെവിന്‍ വിധക്കേസ്. പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഓന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം.

2,4,6,9,11,12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തു. ഏഴാം പ്രതി ഷിഫിന്‍ തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു. എഴ് വര്‍ഷം തടവ് ലഭിച്ചേക്കാം. 8,12 പ്രതികള്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കണ്ടെത്തി. ശിക്ഷാ വിധിക്ക് മുൻപ് പ്രതികൾക്ക് പറയാനുള്ളത് ഇന്ന് കോടതി കേൾക്കും.