ഐ.എന്.എക്സ് മീഡിയ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എടുത്ത കേസിൽ പി. ചിദംബരത്തിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് ചിദംബരം സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ജഡ്ജിയെ ചിദംബരത്തിന്റെ അഭിഭാഷകനായ കബിൽ സിബൽ രൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരായ പി. ചിദംബരത്തിന്റെ ഹരജികൾ പരിഗണിച്ചത്. ഇ.ഡിയുടെയും സി.ബി.ഐയുടെയും അറസ്റ്റിൽ നിന്നുള്ള സംരക്ഷണവും അറസ്റ്റ് നടപടിക്രമങ്ങൾ ചോദ്യം ചെയ്തും ഉള്ളവയായിരുന്നു ഹരജികൾ. മുൻക്കൂർ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ കോടതി ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ചു.