ആലുവയിൽ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ എസ്.ഐക്കെതിരെ നടപടിയായില്ല. കഴിഞ്ഞ 27 വർഷമായി പൊലീസിൽ ജോലി ചെയ്തിരുന്ന ബാബു മേലുദ്യോഗസ്ഥന്റെ പീഡനത്തിന്റെ ഇരയെന്ന് ബന്ധുക്കൾ ആരോപിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കാൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലിച്ചില്ല. ആലുവ എം.എൽ.എ അൻവർ സാദത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി എസ്.സുരേന്ദ്രൻ നടപടിയെടുക്കാമെന്ന ഇന്നലെ ഉറപ്പ് നൽകിയത്.
എസ്.ഐക്കതിരെ നടപടിയെടുത്ത ശേഷം മാത്രമെ ശവസംസ്കാര ചടങ്ങുകൾക്ക് മൃതദേഹം വിട്ടുനൽകുവെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. തുടർന്ന് ജനങ്ങൾ റോഡുപരോധിച്ചെങ്കിലും ഡി.ഐ.ജി യുടെ ഉറപ്പിനെ തുടർന്ന് ഉപരോധം പിൻവലിക്കുകയും ചെയ്തു. ആരോപണ വിധേയനായ തടിയിട്ടപറമ്പ് എസ്.ഐ രാജേഷിനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ അത് അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്നുള്ള സ്ഥലംമാറ്റമാണെന്ന് സഹപ്രവർത്തകർ പറയുന്നു.
സ്ഥിരം മെഡിക്കൽ ലീവെടുക്കുന്ന ബാബുവിനെ മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മാത്രമാണ് എസ്.ഐ എഴുതിയതെന്നാണ് മേലുദ്യോഗസ്ഥരുടെ കണ്ടെത്തൽ. എറണാകുളത്തിന്റെ ചുമതലയുളള ഡി.ഐ.ജി വിജയ് സാക്കറെ അവധിയിലായതിനാൽ തൃശൂർ മേഖലാ ഡി.ഐ.ജി എസ്.സുരേന്ദ്രനാണ് അന്വേഷണ ചുമതല.
തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിൽ രണ്ട് മണിക്കൂർ ചെലവിട്ട് സഹപ്രവർത്തകരുടെയടക്കം മൊഴി എടുത്തിരുന്നു. പിന്നീട് ബന്ധുവീട്ടിൽ വച്ച് ഭാര്യാ സഹോദരൻ സുനിൽ കുമാർ മകൻ കിരൺ ബാബു എന്നിവരുടെയും മൊഴി എടുത്തു. എന്നാൽ എസ്.ഐ ക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ കുട്ടമഗ്ഗേരി വായനശാല ഹാളിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരാനും തീരുമാനിച്ചു.