മലയാള കവിതയെ ആധുനികതയുടെ വിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യക്കാരനായിരുന്നു കെ. അയ്യപ്പപണിക്കര്‍. ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുങ്ങാത്ത സാംസ്കാരിക പ്രതിഭാസം. കാലത്തിന് തകര്ക്കാനാവാത്ത് ഒരുപാട് കവിതകള്‍ ബാക്കിവെച്ചാണ് 2006 ഓഗസ്റ്റ് 23ന് അദ്ദേഹം യാത്രയായത്. കവിതയുടെ അപാരത കണ്ടെത്തിയ മഹാനുഭാവൻ. അറിവിന്റെ ആഴങ്ങൾ തേടിയ, ക്ഷമാപൂർവ്വം വിദ്യാർഥികൾക്കത് പകർന്നു കൊടുത്ത മഹാദ്ധ്യാപകൻ, നിരൂപകൻ, സൈദ്ധാന്തികൻ ഇതിലേതു വിശേഷണമാണ് ഡോ. അയ്യപ്പപണിക്കർക്ക് കൂടുതൽ ചേരുക.
കുട്ടനാട്ടിലെ കവിത കിനിയുന്ന മണ്ണിൽ നിന്നും ലോകാന്തരങ്ങളിലേയ്ക്കു വ്യാപിച്ച ആ കാവ്യവ്യക്തിത്വത്തിന് ഈ വിശേഷണങ്ങളെല്ലാം അനുയോജ്യമാണ്. ഇടപ്പള്ളിയില്‍ നിന്ന് ഇടശേരിയില്‍ എത്തി നിന്ന മലയാളകവിതയില്‍ പുതിയ ഒരു കുതിപ്പിന്റെ ശ്രമങ്ങളായിരുന്നു അയ്യപ്പപണിക്കര്‍ നടത്തിയത്. കുരുക്ഷേത്രം, ഗോത്രയാനം,അഗ്നി പൂജ, മൃത്യു പൂജ, തുടങ്ങി എണ്ണപ്പെട്ട രചനകള്‍.
1970 കളോടെ അയ്യപ്പപണിക്കരുടെ കവിതകള്‍ മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ ധ്വനികള്‍ പ്രകടിപ്പിച്ചു. അടിയന്തരാവസ്ഥയില്‍ എഴുതിയ കടുക്ക, മോഷണം സമാചാരം തുടങ്ങിയ കാര്‍ട്ടൂണ്‍ കവിതകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ആളി കത്തുമ്പോഴും അതേ കവിത തന്നെയാണ് നവീനതയുടെ കുലീനമുഖം കാട്ടി അനുവാചകരെ അമ്പരച്ചതും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സരസ്വതി സമ്മാന്‍, വയലാര്‍ അവാര്‍ഡ്, തുടങ്ങി ദേശീയ അന്തര്‍ദേശീയ കേരളീയ പുരസ്കാരങ്ങളെല്ലാം അയ്യപ്പ പണിക്കരെ തേടിയെത്തി. 2004 രാജ്യം പത്മശ്രീ നല്കി ആദരിച്ചു.