Football Sports

പി.എസ്.ജിക്ക് ഇത്ര അഹങ്കാരമോ? നിരസിച്ച റയലിന്റെ ഓഫർ കണ്ടാൽ ഞെട്ടും

യൂറോപ്യൻ ട്രാൻസ്ഫർ ജാലകം അടയുമ്പോൾ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഏത് ക്ലബ്ബിലായിരിക്കും എന്നതാണ് ഫുട്‌ബോൾ ലോകത്തെ വലിയ ചോദ്യം. 2017-ൽ 222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്ക് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ താരത്തിന് രണ്ട് സീസൺ കൊണ്ടുതന്നെ ഫ്രഞ്ച് ക്ലബ്ബ് മടുത്തു. ബാഴ്‌സയിലേക്ക് മടങ്ങാനുള്ള താൽപര്യം വ്യക്തമാക്കിയ താരത്തെ പക്ഷേ, അങ്ങനെയങ്ങ് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് പി.എസ്.ജി. മുടക്കിയ തുക തിരികെ ലഭിക്കാതെ നെയ്മറിനെ പോകാൻ അനുവദിക്കില്ലെന്നാണ് നാസർ അൽ ഖലൈഫിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് പറയുന്നത്.

നെയ്മറിനു വേണ്ടി ബാഴ്‌സലോണ ഇതിനകം പലവിധം ഓഫറുകൾ മുന്നോട്ടുവെച്ചെങ്കിലും പി.എസ്.ജിക്ക് അതൊന്നും സ്വീകാര്യമായിട്ടില്ല. ഒടുവിൽ, നെയ്മറിനു പകരം കൈമാറാൻ ബാഴ്‌സ കരുതിവെച്ചിരുന്ന ബ്രസീൽ താരം ഫിലിപ്പ് കുട്ടിന്യോയെ ലോണിൽ ബയേൺ മ്യൂണിക്ക് കൊണ്ടുപോയി. ബാഴ്‌സക്കു നൽകുന്നില്ലെങ്കിൽ നെയ്മറിനെ തങ്ങൾക്കു വേണമെന്ന ആവശ്യവുമായി റയൽ മാഡ്രിഡും രംഗത്തുണ്ട്. ഒന്നിലേറെ തവണ റയൽ പ്രതിനിധികൾ പി.എസ്.ജിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

നെയ്മറിനെ വാങ്ങുന്നതിനായി റയൽ മുന്നോട്ടുവെക്കുകയും പി.എസ്.ജി നിരസിക്കുകയും ചെയ്ത ഓഫറിന്റെ വിശദാംശങ്ങൾ സ്പാനിഷ് പത്രം എൽ എക്വിപെ പുറത്തുവിട്ടത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 100 ദശലക്ഷം യൂറോയും ഒപ്പം സ്‌ട്രൈക്കർ ഗാരത് ബെയ്ൽ, ഗോൾകീപ്പർ കെയ്‌ലർ നവാസ്, മിഡ്ഫീൽഡർ ഹാമിസ് റോഡ്രിഗസ് എന്നിവരെയും നൽകാം എന്ന് റയൽ വ്യക്തമാക്കിയെങ്കിലും പി.എസ്.ജി അത് നിരസിക്കുകയായിരുന്നുവത്രേ. ഫുട്‌ബോൾ ലോകത്ത് മേൽവിലാസമുണ്ടാക്കിയ മൂന്ന് താരങ്ങളെയും ഒപ്പം 100 ദശലക്ഷം യൂറോയും വേണ്ടെന്നു വെക്കാൻ പി.എസ്.ജി കണ്ട കാരണം എന്താണെന്നു വ്യക്തമല്ല.

യൂറോപ്യൻ ട്രാൻസ്ഫർ ജാലകം അടയാൻ ഇനി രണ്ടാഴ്ചയിൽ താഴെ സമയം മാത്രമേയുള്ളൂ. റയൽ മുന്നോട്ടുവെച്ചതു പോലുള്ള ഭീമൻ ഓഫറുകൾ നിരസിച്ച പി.എസ്.ജി, ഏതു വ്യവസ്ഥക്കാണ് വഴങ്ങുക എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്‌ബോൾ ലോകം. പി.എസ്.ജി ആവശ്യപ്പെടുന്നതു പ്രകാരം 180 ദശലക്ഷം യൂറോ പണമായി തന്നെ നൽകാൻ റയലും ബാഴ്‌സയും വിസമ്മതിച്ച സാഹചര്യത്തിൽ നെയ്മറിന്റെ ഭാവികൂടിയാണ് അനിശ്ചിതത്വത്തിലാവുന്നത്.