India Kerala

കെവിന്‍ കേസില്‍ വിധി ഇന്ന്

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 18ാം തിയതി പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്.

കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 പ്രമാണങ്ങളും 55 രേഖകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 113 സാക്ഷികളെ വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലും വിശദമായി പരിശോധിച്ചു.

നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍ , ഗൂഢാലോചന, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ 10 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയായ കേസില്‍ അച്ഛന്‍ ചാക്കോ അഞ്ചാം പ്രതിയാണ്. 14 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. എന്നാല്‍ തെളിവുകള്‍ അപര്യാപത്മമാണെന്നാണ് പ്രതിഭാഗം കോടിയില്‍ വാദിച്ചത്.