ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിനെതിരെ സി.ബി.ഐ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു. ചിദംബരത്തെ തേടി സി.ബി.ഐ മൂന്ന് തവണ ചിദംബരത്തിന്റെ വസതിയിലെത്തി.
കേസില്‍ മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ ഹരജി ഇന്ന് സുപ്രിം കോടതിയില്‍ വരും. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഹരജി. ഹരജി സുപ്രിം കോടതി പരിഗണിക്കാന്‍ വൈകിയാല്‍ ചിദംബരത്തിന് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും. അതേസമയം ചിദംബരത്തിന്റെ അഭിഭാഷകന് സി.ബി.ഐക്ക് കത്തയച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ സുപ്രിം കോടതിയെ സമീപിക്കുന്നുണ്ടെന്നും അതുവരെ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
ചിദംബരത്തിനും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയുള്ള ഹൈക്കോടതി വിധി. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നിരിക്കെയാണ് ചിദംബരം ഇന്നലെ തന്നെ തിരക്കിട്ട് സുപ്രിം കോടതിയെ സമീപിച്ചത്. വിസമ്മതിച്ചാല്‍ ചിദംബരത്തിന് അറസ്റ്റ് വരിക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ മുന്‍ ധനമന്ത്രി ഇത്തരത്തില്‍ അറസ്റ്റ് വരിക്കേണ്ടിവരുന്നത് ചരിത്രത്തില്‍ ആദ്യമാകും.
തുടര്‍നടപടിക്കായി ഇന്നലെ രാത്രി തന്നെ സി.ബി.ഐ ഇ.ഡി സംഘങ്ങള്‍ ജോര്‍ബാഗിലെ വസതിയിലെത്തിയിരുന്നു എങ്കിലും ചിദംബരം ഇല്ലാത്തതിനാല്‍ മടങ്ങി. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതിയില്‍ തിരിമറി നടത്തി. ഐ.എന്‍.എക്സ് മീഡിയക്കെതിരായ നികുതി അന്വേഷണത്തില്‍ ഇടപെട്ടു, ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചു, ധനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നിവയാണ് ചിദംബരത്തിനെതിരായ കുറ്റങ്ങള്‍. യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് ഐ.എന്‍.എക്സ് മീഡിയക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്കി എന്നതാണ് കേസ്.