ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ സംവിധായകൻ സനല്‍ കുമാർ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തിനടുത്ത് രക്ഷാപ്രവർത്തകർ എത്തി. എന്നാൽ ചിത്രീകരണം കഴിഞ്ഞ ശേഷം മാത്രമേ ഛത്രുവിൽ നിന്ന് മടങ്ങുന്നുള്ളുവെന്ന് സിനിമ സംഘം അധികൃതരെ അറിയിച്ചു. ഛത്രുവിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയതിനെ തുടർന്നാണ് തീരുമാനം.
ഛത്രുവില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലെയുള്ള ബേസ് ക്യാമ്പില്‍ സിനിമ പ്രവർത്തകരെ എത്തിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ നേരത്തെ ഉണ്ടായിരുന്ന ഗതാഗത പ്രശ്നം പരിഹരിച്ചതോടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മടങ്ങാമെന്നാണ് സിനിമ സംഘം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം സംവിധായകൻ അടക്കമുള്ളവർ അധികൃതരെ അറിയിച്ചിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമായതോടെ ഭക്ഷണമടക്കമുള്ളവ സ്ഥലത്ത് എത്തിക്കാനും പ്രശ്നം വരില്ല.
കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ റോഡുകള്‍ പലയിടത്തും തകര്‍ന്നതാണ് ചിത്രീകരണം നടന്നിരുന്ന ഛത്രുവില്‍ സിനിമ സംഘം ഒറ്റപ്പെടാന്‍ കാരണം. മൂന്നാഴ്ച മുന്‍പാണ് സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമക്കായി മഞ്ജു വാര്യർ അടക്കം മുപ്പതോളം പേർ ഇവിടെ എത്തിയത് . കുടുങ്ങിക്കിടക്കുന്ന വിവരം സാറ്റ് ലൈറ്റ് ഫോണിലൂടെ മഞ്ജു വാര്യർ സഹോദരന്‍ മധുവാര്യരെ അറിയിച്ചതോടെയാണ് വി. മുരളീധരൻ വിഷയത്തിൽ ഇടപെട്ടത് . പ്രളയത്തിൽ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഹിമാചല്‍ പ്രദേശിലെ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്.