India National

ചെന്നൈ തീരത്ത് നീല പ്രകാശമുള്ള തിരമാല; കാണാന്‍ കൊള്ളാമെങ്കിലും ആശങ്കയുണ്ടെന്ന് വിദഗ്ധര്‍

തമിഴ്നാട്ടിലെ തിരുവാൺമിയൂർ, പലവക്കം, ഇഞ്ചമ്പക്കം തുടങ്ങിയ പ്രദേശത്തെ കടൽതീരങ്ങളെ പ്രകാശപൂരിതമാക്കി ബയോ ലൂമിനസെൻസ് അഥവാ ജൈവ ദീപ്തി പ്രതിഭാസം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിനു സമീപമുള്ള കടല്‍ത്തീരങ്ങളിലാണ് കഴിഞ്ഞദിവസം രാത്രി തിരമാലകള്‍ നീല പ്രകാശത്തില്‍ തിളങ്ങിയത്. നീല പ്രകാശത്തില്‍ തിളക്കമുള്ള തിരമാലകള്‍ ഉയരുന്ന കാഴ്ച കാണാന്‍ നൂറുകണക്കിനാളുകളാണ് രാത്രി തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്.

രണ്ടു മണിക്കൂറോളമാണ് ജൈവ ദീപ്തി ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ ചില ജീവികള്‍ സ്വന്തം ശരീരത്തിന്റെ രാസപ്രവര്‍ത്തനത്തിലൂടെ പ്രസരിപ്പിക്കുന്ന വെളിച്ചമാണ് ജൈവ ദീപ്തി. ആഴക്കടലിലെ പല ജീവികളും സ്വയം പ്രകാശിക്കുന്നവയാണ്. ഇന്ത്യന്‍ തീരങ്ങളില്‍ അപൂര്‍വമായാണ് ജൈവ ദീപ്തി പ്രതിഭാസം ദൃശ്യമാകാറുള്ളു. കാണാന്‍ ആകര്‍ഷകവും കൌതുകവുമുണ്ടാക്കുന്നവയാണ് ഈ പ്രതിഭാസമെങ്കിലും ഇത് ആശങ്കയുണര്‍ത്തുന്ന റിപ്പോര്‍ട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.

സമുദ്രത്തിലെ ഓക്സിജന്റെ അളവ് കുറവുള്ള പ്രദേശങ്ങളിലാണ് സ്വയം പ്രകാശിക്കുന്ന ഇത്തരം ജീവികള്‍ വസിക്കുന്നത്. സമുദ്രത്തിലെ ജൈവവ്യവസ്ഥയിലുണ്ടാകുന്ന ദോഷകരമായ മാറ്റങ്ങളുടെ സൂചന കൂടിയാണ് ഇത്തരം പ്രതിഭാസമെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരം ജീവികള്‍ മീനുകളുടെ ഭക്ഷണമായ കടല്‍ സസ്യങ്ങളെ കൂട്ടത്തോടെ നശിപ്പിക്കും. ഈ പ്രതിഭാസം ദിവസങ്ങളോളം തുടര്‍ന്നാല്‍ മത്സ്യസമ്പത്തിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇതേസമയം, കടലിലേക്ക് ഒഴുകിയെത്തുന്ന ചില രാസ മാലിന്യങ്ങളും ഇത്തരം സ്വയം പ്രകാശിക്കുന്ന തിരമാലകളെ സൃഷ്ടിക്കാറുണ്ട്.