India Kerala

പ്രളയത്തില്‍ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ നനഞ്ഞ് കുതിര്‍ന്നോ? പരിഹാരമുണ്ട്

പ്രളയത്തിന്റെ രണ്ടാം വരവും നമ്മെ കുറച്ചൊന്നുമല്ല തകര്‍ത്തു കളഞ്ഞത്. ജീവനും ഒരായുസ് കൊണ്ട് സമ്പാദിച്ചവയെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. നഷ്ടങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ അതിന് ഒരറുതി ഉണ്ടാവുകയില്ല. നമ്മുടെ വിലപ്പെട്ട രേഖകള്‍ പോലും വെള്ളത്തില്‍ കുതിര്‍ന്ന് ഒരു പരുവമായിട്ടുണ്ടാകും. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങിനെ നാശമായാലും അത് ശരിയാക്കിത്തരാം എന്ന ഉറപ്പുമായി എത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസിലെ സംസ്ഥാന പൈതൃക പഠന കേന്ദ്രം. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരുമെന്നാണ് ബെന്നറ്റ് യൂണിവേ‍ഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫസറായ നിതിന്‍ കല്ലോരത്ത് പറയുന്നത്.

ശ്രദ്ധിക്കുക*

ഒരു പാട് പേരുടെ വിലപ്പെട്ട രേഖകൾ പ്രളയത്തിൽ നനഞ്ഞ് കുതിർന്നതായി വാർത്തകളിൽ കാണുന്നു.

ഇവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം. ഇവ മടക്കാനോ തുറക്കാനോ ശ്രമിച്ചാൽ കീറിപ്പോകും. വെയിലത്ത് ഉണക്കുന്നതും അടുപ്പിനടുത്ത് വെക്കുന്നതും നല്ലതല്ല. പൊടിഞ്ഞു പോകാനോ അക്ഷരങ്ങൾ മാഞ്ഞു പോകാനോ സാധ്യതയുണ്ട്.

പിന്നെ എന്തു ചെയ്യും?

വിഷമിക്കേണ്ട; സംസ്ഥാന പൈതൃക പഠനകേന്ദ്രം നിങ്ങളുടെ സഹായത്തിനുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

നനഞ്ഞ് കുതിർന്ന രേഖകൾ യാതൊന്നും ചെയ്യാതെ അതേ അവസ്ഥയിൽ വൃത്തിയുള്ള തുണിയിലോ കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക.

എപ്പോൾ എത്തിക്കണം?

ഈ മാസം (ആഗസ്ത് 2019) 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകു.3.30 വരെ അവിടെ രേഖകൾ സ്വീകരിക്കും.

കോൺടാക്റ്റ് നമ്പർ ഉണ്ടോ?

ഉണ്ടല്ലോ. പ്രവൃത്തി സമയങ്ങളിൽ വിളിച്ചോളൂ…

Phone:0495-2384382,0484-2776374