കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ പാകിസ്താന് ഒറ്റപ്പെട്ടു. ഇന്ത്യയും പാക്കിസ്താനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ നിലപാടെടുത്തതായാണ് സൂചന. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. യു എസ്, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയ ഇന്ത്യന്‍ നീക്കം ചർച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക യു.എന്‍ രക്ഷാ സമിതി യോഗത്തിലാണ് പാക്കിസ്താന് തിരിച്ചടി നേരിട്ടത്. പാകിസ്താന്റെ എക്കാലത്തേയും സഖ്യകക്ഷിയായ ചൈന ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗം. രക്ഷാസമിതി യോഗത്തിനിടെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന് അമേരിക്കന്‍ പ്രസിഡന്റിനെ വിളിച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിനെ ബന്ധപ്പെട്ട കാര്യം പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും സ്ഥിരീകരിച്ചു. കശ്മീർ ഉഭയകക്ഷി വിഷയമാണെന്നു റഷ്യയും നിലപാടെടുത്തു. യു എസ്, ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കനുകൂലമായ നിലപാടെടുത്തതായാണ് സൂചന. അനൗദ്യോഗിക സ്വഭാവമുള്ള ചർച്ചയായതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കശ്മീരിലെ സാഹചര്യങ്ങൾ അപകടകരമാണെന്നു ചൈന പറഞ്ഞപ്പോള്‍, ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട വിഷയം ആഭ്യന്തര കാര്യമാണെന്ന വാദത്തില്‍ ഇന്ത്യ ഉറച്ചുനിന്നു. ഭീകരത അവസാനിപ്പിച്ചാൽ ചർച്ചയാകാം എന്നും കശ്മീരിലെ നിയന്ത്രണങ്ങൾ പടിപടിയായി എടുത്തുമാറ്റുമെന്നും ഇന്ത്യ വ്യക്തമാക്കി. ബംഗ്ലദേശ് യുദ്ധത്തിനുശേഷം ആദ്യമായാണ് കശ്മീർ വിഷയം യു.എൻ രക്ഷാസമിതിയിൽ ചർച്ചയാകുന്നത്.