Health

തടികുറക്കാന്‍ മുതല്‍ ചര്‍മ്മസംരക്ഷണം വരെ, വെള്ളംകുടികൊണ്ടുള്ള ഗുണങ്ങള്‍

നമ്മുടെ എല്ലുകളില്‍ പോലും 22 ശതമാനം വെള്ളമാണ്. രക്തത്തിലാണെങ്കില്‍ അത് 83 ശതമാനം വരും. അങ്ങനെ വെള്ളമില്ലാതെ നിലനില്‍പ്പില്ലാത്ത നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വെള്ളംകുടിക്കുള്ള പ്രാധാന്യം ചെറുതല്ല.

ഓരോ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ആരോഗ്യമുള്ള ഒരാള്‍ കുടിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലാവസ്ഥക്കും രോഗാവസ്ഥക്കും അനുസരിച്ച് ഇത് വീണ്ടും കൂടും. രോഗങ്ങളെ തടയുന്നതില്‍ തുടങ്ങി ശരീരഭാരംകുറക്കാന്‍ വരെ വെള്ളംകുടി നമ്മളെ സഹായിക്കും. ക്ഷീണം, മൂഡ് സ്വിങ്, തലവേദന, ശ്രദ്ധക്കുറവ്, ഹ്രസ്വകാല ഓര്‍മ, ഉത്കണ്ഠ തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് നമ്മുടെ പച്ചവെള്ളം!

അസ്ഥികളുടെ തേയ്മാനം കുറയ്ക്കുന്നതിനും എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും വെള്ളം കുടി സഹായിക്കും. ശരീരത്തിലെ വിഷവസ്തുക്കള്‍, മൃതകോശങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ എളുപ്പത്തില്‍ പുറംതള്ളാന്‍ വെള്ളം കുടി സഹായിക്കും. ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നത് മലബന്ധം വരുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ശരീരത്തില്‍ ജലാംശം കുറയുന്നത് മലബന്ധം, കടും മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവക്ക് കാരണമാകും.

ചര്‍മത്തെ സംരക്ഷണത്തിന് പറ്റിയ മാര്‍ഗ്ഗമാണ് പച്ചവെള്ളം കുടിക്കുന്നത്. ചര്‍മത്തിലെ ചുളിവുകളെ കുറക്കാനും തിളക്കം വര്‍ധിപ്പിക്കാനും ജലാംശം വര്‍ധിക്കുന്നത് സഹായിക്കും.

ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ വരെ സഹായിക്കുമെന്ന് എത്രപേര്‍ക്കറിയാം?. അര ലിറ്റര്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ ഉപാപചയ നിരക്ക് ഒന്നര മണിക്കൂര്‍ സമയത്തേക്ക് വര്‍ധിക്കും. വെള്ളം കൂടുതല്‍ കുടിക്കേണ്ടി വരുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നതുവഴിയാണ് ശരീരഭാരം കുറക്കാന്‍ വെള്ളം കുടി സഹായിക്കുന്നത്.

ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നതും തടികുറക്കാന്‍ സഹായിക്കും. മറ്റൊരു പഠനത്തില്‍ പറയുന്നത് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഒരു ലിറ്റര്‍ ജലം കുടിച്ചവര്‍ക്ക് 12 ആഴ്ചയില്‍ 44% കൂടുതല്‍ ഭാരം നഷ്ടപ്പെട്ടുവെന്നാണ്.