India Kerala

പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം

പ്രളയം മൂലം കെ.എസ്.ആര്‍.ടി.സി വരുമാനത്തിലുണ്ടായത് ഭീമമായ നഷ്ടം. ഒരാഴ്ച കൊണ്ട് 10 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്. വെള്ളം കയറി കെ.എസ്.ആര്‍.ടി.സിയുടെ പല ഡിപ്പോകളും നശിച്ചിട്ടുണ്ട്.

പ്രളയം രൂക്ഷമായ ഈ മാസം എട്ട് മുതല്‍ ഒരാഴ്ച കൊണ്ട് വരുമാനത്തില്‍ വന്‍ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. ഏറ്റവുമധികം നഷ്ടമുണ്ടായത് ഉത്തരമേഖലയിലാണ്. അഞ്ച് ദിവസം കൊണ്ട് ആറു കോടി രൂപയിലേറെ വരുമാനത്തില്‍ നഷ്ടമുണ്ടായി. സാധാരണ ഗതിയില്‍ ഒരു കോടി അറുപത് ലക്ഷം രൂപ വരെ പ്രതിദിനം ഉത്തരമേഖലയില്‍ വരുമാനമുണ്ടാകാറുണ്ട്. എന്നാല്‍ പ്രളയ ദിനങ്ങളില്‍ ലഭിച്ചത് ശരാശരി അറുപത് ലക്ഷം രൂപ മാത്രം. ഇതിനു പുറമേ എ.സി ലോ ഫ്ളോര്‍ ബസുകള്‍ വെള്ളം കയറി തകരാറിലായിട്ടുണ്ട്. മൂന്നു ബസുകളുടെ സെന്‍സറുകള്‍ കേടായി. ഒന്നര ലക്ഷം രൂപയോളം ഈ ഇനത്തില്‍ നഷ്ടമായിട്ടുണ്ട്. പല ഡിപ്പോകളും വെള്ളം കയറി നശിച്ചു. ഇതു സംബന്ധിച്ച നഷ്ടം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. വെള്ളം താഴ്ന്നതോടെ നിര്‍ത്തി വെച്ച പല സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനരാരംഭിച്ചു.

വയനാട്, മലപ്പുറം ജില്ലയിലെ പല റോഡുകളും തകര്‍ന്നത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ബാധിക്കുന്നുണ്ട്. നാടുകാണിച്ചുരം വഴി സര്‍വീസ് നടത്തുന്നില്ല. കണ്ണൂരിലെ പാല്‍ചുരം, മാങ്കൂട്ടം ചുരം എന്നിവിടങ്ങളിലൂടെ സര്‍വീസുകള്‍ പുനരാരംഭിക്കാനായിട്ടില്ല. പാല്‍ ചുരത്തിലൂടെ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ കെ.എസ്.ആര്‍.ടി.സി അധികൃതരെ സമീപിപ്പിച്ചിരുന്നു. എന്നാല്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സര്‍വീസ് നടത്തുന്നത് അപകടകരമാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.