ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച്ച പുലർച്ചെ ഗണപതി ഹോമത്തിനു ശേഷം ശബരിമല ,മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. അടുത്ത ഒരു വർഷത്തെ താന്ത്രിക ചുമതലയുമായി തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഇന്ന് മല ചവിട്ടും. കനത്ത മഴയെ തുടര്‍ന്ന് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൂജകൾ തുടങ്ങുക.
അതിന് ശേഷം ലക്ഷാർച്ചന നടക്കും. ദേവസ്വം വിജലൻസിന്റെ സൂഷ്മ പരിശോധനയ്ക്കു ശേഷം അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട 18 പേരാണ് ശബരിമല മാളികപ്പുറം എന്നിവടങ്ങളിലേക്കുള്ള മേൽശാന്തിമാരുടെ അവസാന പട്ടികയിലുള്ളത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ മാധവ് കെ.വർമ്മയും ,കാഞ്ചനയുമാണ് നറുക്കെടുക്കുന്നത് .നേരത്തെ തുലാമാസ പൂജാ സമയത്തായിരുന്നു മേൽശാന്തി നറുക്കെടുപ്പ് നടത്തിയിരുന്നത്.
ശബരിമലയിലെയും മാളികപ്പുറത്തെയും ആചാരങ്ങളിൽ കൂടുതൽ പരീശീലനത്തിനായി തന്ത്രിയുടെ സമ്മതത്തോടെയാണ് ദേവസ്വം ബോർഡ് മേൽശാന്തി നറുക്കെടുപ്പ് ഇത്തവണ നേരത്തെയാക്കിയത്. താന്ത്രിക കർമ്മങ്ങൾ പൂർത്തിയാക്കി തന്ത്രി കണ്ഠര് രാജീവര് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് മഹേഷ് മോഹനര് എത്തുന്നത്.