ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന് ബി.സി.സി.ഐ അനുമതി നല്‍കിയത് കളിക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസമായിരുന്നു. വിരമിച്ച കളിക്കാര്‍ക്കും കാലങ്ങളായി ഇന്ത്യന്‍ ടീമിന് പുറത്തുളളവര്‍ക്കും ഇതുവഴി കളിക്കാന്‍ അവസരം ലഭിക്കും എന്നതും ഫോം നിലനിര്‍ത്താന്‍ സഹായകരമാകും എന്നതുമായിരുന്നു ഇതിന്റെ ഗുണം. എന്നാല്‍ ഇപ്പോഴിതാ ഈ നീക്കത്തില്‍ ഉടക്കുമായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍(സി.ഒ.എ) തന്നെ രംഗത്ത് എത്തിയിരിക്കുന്നു.
വിദേശ ലീഗില്‍ കളിക്കാന്‍ യുവരാജിന് അനുമതി നല്‍കിയത് പോലെ എല്ലാവര്ക്കും നല്‍കില്ലെന്നാണ് കമ്മിറ്റിയുടെ പുതിയ നിലപാട്. യുവരാജിന് അനുമതി നല്‍കിയത് ഈ തീരുമാനത്തില്‍ ഒന്നുമാത്രമാണെന്നും ഇത്തരത്തില്‍ ഇനി അനുമതി നല്‍കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സി.ഒ.എ അംഗം വ്യക്തമാക്കുന്നു. അതേസമയം സി.ഒ.യുടെ ഈ നീക്കം ബി.സി.സി.ഐ ചൊടിപ്പിച്ചു. രൂക്ഷമായാണ് ബി.സി.സി.ഐ അംഗങ്ങള്‍ പ്രതികരിക്കുന്നത്.
തീരുമാനമെടുക്കുകയാണെങ്കില്‍ അതില്‍ സ്ഥിരത വേണമെന്നും ഒരു കളിക്കാരന് അനുമതി നല്കി പിന്നീടത് പിന്വലിക്കാനാവില്ലെന്നുമാണ് ബി.സി.സി.ഐയിലെ ഒരംഗം പറയുന്നത്. ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങള്‍ കളിക്കാര്‍ക്കും അവരുടെ കരിയറിനും ഗുണമാവില്ല, പെട്ടെന്നുള്ള മലക്കം മറിച്ചിലിന് നീതീകരണമില്ലെന്ന് മറ്റൊരംഗം പറയുന്നു. യുവരാജിന് പുറമെ നിരവധി ഇന്ത്യന്‍ കളിക്കാരാണ് വിദേശ ലീഗുകളില്‍ അനുമതിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്.
ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ തീരുമാനം ഈ കളിക്കാരെയെല്ലാം പ്രതികൂലമായി ബാധിക്കും. അതേസമയം ഇന്ത്യക്കാര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള അനുമതി നല്കുന്നതില് ബി.സി.സി.ഐക്ക് തുടക്കത്തില്‍ വിയോജിപ്പായിരുന്നു. എന്നാല്‍ സി.ഒ.എയുടെ ഇടപെടലാണ് യുവരാജിന് അനുമതി നല്‍കിയത്. ഇതാണിപ്പോള്‍ അവര്‍ തന്നെ മാറ്റാനൊരുങ്ങുന്നതും.