India National

നാഗാലാന്റില്‍ ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം

നാഗാലാന്‍ഡില്‍ ‘നാഗാ ദേശീയപതാക’ ഉയര്‍ത്തി നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എന്‍എസ്എഫ്). 73ആമത് നാഗാ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെയാണ് നാഗാവംശജര്‍ക്ക് കൂടുതലുള്ള മേഖലകളില്‍ നാഗാ ദേശീയ പതാക ഉയര്‍ത്തിയത്.

മണിപ്പൂരിലെ സേനാപതി ജില്ലയിലായിരുന്നു പരിപാടിക്ക് കൂടുതല്‍ ജനപങ്കാളിത്തം ലഭിച്ചത്. യുണൈറ്റഡ് നാഗാ കൗണ്‍സിലിന്റെ(യു.എന്‍.സി) ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ആദ്യമായാണ് നാഗാ ദേശീയ പതാക ഉയര്‍ത്തുന്നത്.

നാഗാ വിമതര്‍ 1947 ആഗസ്റ്റ് 14നായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ മ്യാന്മറിലും ഇന്ത്യയിലെ നാഗാ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള അതിര്‍ത്തി ജില്ലകളിലും ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കാറുണ്ട്. ഇത്തവണത്തെ ആഘോഷത്തിന് പൊതുജന പങ്കാളിത്തം വര്‍ധിച്ചുവെന്നതാണ് ശ്രദ്ധേയമായത്.

ജനറല്‍ നാഗാ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എന്‍.പി.എം.എച്ച്.ആര്‍) സെക്രട്ടറി ജനറല്‍ നീഗുലു ക്രോമായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ‘നാഗാ ദേശീയ പതാക’ ഉയര്‍ത്തിയാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടങ്ങിയത്. ചടങ്ങിനിടെ ‘നാഗാ ദേശീയ ഗാനം’ ആലപിക്കുകയും ചെയ്തു.

കശ്മീരിലെ നിലവിലെ അവസ്ഥയാണ് ഇത്തവണ സ്വാതന്ത്യ ദിനാഘോത്തില്‍ വന്‍ ജനപങ്കാളിത്തതിന് കാരണമായതെന്ന് നീഗുലു ക്രോം പറഞ്ഞു. മണിപ്പൂരിലെ 20 നാഗാ ഗോത്രങ്ങളിലെ നേതാക്കളും നാഗാ അനുകൂല യുവജന- വനിതാ- വിദ്യാര്‍ത്ഥി സംഘടനകളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു. നാഗാ ആധിപത്യമുള്ള ജില്ലകളുടെ മറ്റ് ഭാഗങ്ങളിലും ‘നാഗ ദേശീയ പതാക’ ഉയര്‍ത്തിക്കൊണ്ട് ആഘോഷം നടന്നതായി റിപ്പോര്‍ട്ടുണ്ട്.