യുവേഫ സൂപ്പര്‍ കപ്പ് ലിവര്‍പ്പൂളിന്. ചെല്‍സിയെ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 5-4 ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനില പാലിച്ചതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്.
വനിതാ റഫറി നിയന്ത്രിക്കുന്ന ആദ്യ യുവേഫ ഫൈനൽ മത്സരമായിരുന്നു ഇത്. 36-ാം മിനിറ്റിൽ ഫ്രഞ്ച് താരം ജിറൂഡിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. ബോക്സിന് പുറത്തുനിന്ന് നീട്ടികിട്ടിയ പാസ് ഇടംകാലു കൊണ്ട് വലയിലേക്ക് ഉരുട്ടി ജിറൂഡ് ലിവര്‍പൂളിന്റെ നെഞ്ച് തുളച്ചു. നാലു മിനിറ്റിന്റെ ഇടവേളയില്‍ വീണ്ടും ലിവര്‍പൂളിന്റെ വല ചെല്‍സി തുളച്ചെങ്കിലും ഓഫ് സൈഡ് നിര്‍ഭാഗ്യമായി. ഇതോടെ ലിവര്‍പൂള്‍ ഉണര്‍ന്നു. രണ്ടാം പകുതി തുടങ്ങിയ ഉടൻ സെനഗൽ താരം സാദിയോ മാനെ ലിവർപൂളിനെ ചെല്‍സിക്ക് ഒപ്പമെത്തിച്ചു. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗോളി തടുത്തെങ്കിലും വഴുതി പോയ പന്തിനെ വലയിലേക്ക് വാശിയോടെ അടിച്ചുകയറ്റിയാണ് മാനെ ഗോള്‍ കണ്ടെത്തിയത്.
ഇതോടെ നിശ്ചിതസമയത്ത് 1-1 എന്ന സ്കോറിനു സമനിലയായ മത്സരം അധികസമയത്തേക്ക് നീണ്ടു. 95-ാം മിനിറ്റിൽ സാദിയോ മാനെയുടെ രണ്ടാം ഗോളോടെ മത്സരത്തിൽ ലിവർപൂൾ ലീഡെടുത്തു. എന്നാൽ ആറ് മിനിറ്റിനകം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർജിനോ ചെൽസിയെ ഒപ്പമെത്തിച്ചു. ഇതോടെ അധിക സമയം അവസാനിച്ചപ്പോൾ സ്കോർ 2-2. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ലിവർപൂളിന്റെ അഞ്ച് താരങ്ങളും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ ചെൽസിയുടെ ടാമി എബ്രഹാമിന്റെ കിക്ക് ലിവർപൂൾ ഗോളി അഡ്രിയാൻ തടുത്തു.
അവസാന കിക്കെടുക്കാനെത്തിയ എബ്രഹാം, താന്‍ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സമ്മര്‍ദത്തിന്റെ നെറുകയിലായിരുന്നു. അതുകൊണ്ട് തന്നെ തൊട്ടത് പിഴച്ചു. പോസ്റ്റിന് നടുവിലേക്ക് ഉരുട്ടി ദുര്‍ബലമായി തൊടുത്ത പന്ത് ഗോള്‍കീപ്പര്‍ ഇടത്തേക്ക് ചാടിയെങ്കിലും കാലില്‍ തട്ടി പുറത്തുപോകുകയായിരുന്നു.