കേരളത്തിലെ പ്രളയകെടുതിയില്‍ പകച്ച് നിന്ന ആ നാലാംക്ലാസുകാരി മാനുഷയെ കൈവിടില്ല കേരളം. മാനുഷയ്ക്കും കുടുംബത്തിനും മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വീട് വെച്ച് നല്‍കും. പ്രളയത്തില്‍ വീടും ക്യാമ്പില്‍വെച്ച് അച്ഛനെയും നഷ്ടപ്പെട്ട മാനുഷയുടെ സങ്കടം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൈസൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇവിടെയെത്തി പുറമ്പോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു മാനുഷയുടെ കുടുംബം.
സങ്കടപെരുമഴയിലായിരുന്നു മാനുഷ. ഈ പെരുമഴക്കാലം അവള്‍ക്കാദ്യം താമസിച്ചിരുന്ന കൂര നഷ്ടമാക്കി. അവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് പറച്ച് നട്ടപ്പോള്‍ അച്ഛന് അവളെയും ഏട്ടന്മാരെയും തനിച്ചാക്കി പോയി. ക്യാമ്പില്‍വെച്ച് കുഴഞ്ഞ് വീണായിരുന്നു മാനുഷയുടെ അച്ഛന്റെ മരണം. അമ്മ അവരെ എപ്പഴോ ഉപേക്ഷിച്ച് പോയതാണ്. അവള് പഠിക്കുന്ന സ്കൂളില്‍ അതേ നാലാംക്ലാസ്സില്‍ ഇനിയെങ്ങോട്ട് പോകുമെന്നറിയാതെ പകച്ച് നിന്ന ആ കുടുംബത്തിനെ മാവൂര്‍ പഞ്ചായത്ത് വൃദ്ധസദനത്തിലേക്ക് മാറ്റി. അവള്‍ക്കും തെരുവ് സര്‍ക്കസ് ജീവോപാധി ആക്കിയ ഏട്ടന്മാര്ക്കും വീട് നല്കാന് തയ്യാറായി മറ്റ് ചിലരുമെത്തി.
മാനുഷയ്ക്കും കുടുംബത്തിനും വീട് വെച്ച് നല്‍കുമെന്ന് മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഷാന്‍ പറഞ്ഞു. മാനുഷയെ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെയും നിരവധി പേരെത്തിയിട്ടുണ്ട്. മാനുഷയെയും കുടുംബത്തെയും പെരുവഴിയിലേക്ക് ഇറക്കി വിടില്ലെന്ന് പറയുകയാണ് ഈ പ്രളയകാലത്ത് ചില നല്ല മനുഷ്യര്‍.