ചങ്ങനാശേരി: കൃഷിഭൂമി കരഭൂമിയാക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ചങ്ങനാശേരി കൃഷി ഓഫീസറെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കൊല്ലം ആലുംമൂട് മണ്ഡലം ജംഗ്ഷനില്‍ തിരുവോണം വീട്ടില്‍ വസന്തകുമാരിയെയാണ് ഇന്നലെ വൈകുന്നേരം വിജിലന്‍സ് ഡിവൈ.എസ്.പി എന്‍.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൈക്കൂലിയായി വാങ്ങിയ തുകയ്ക്ക് പുറമെ കണക്കില്‍പ്പെടാത്ത 55,000 രൂപയും ഇവരില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തു. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി നിലവില്‍ കൃഷിഭൂമിയെന്നാണ് രേഖകളിലുള്ളത്. ഇത് കരഭൂമിയാക്കി മാറ്റി നല്‍കുന്നതിനാണ് കൃഷി ഓഫീസര്‍ കൈക്കൂലി ചോദിച്ചത്.
കൃഷിവകുപ്പ് അറിയാതെ വസന്തകുമാരി ഓഫീസില്‍ സ്റ്റാഫായി ഒരു സഹായിയെ നിയമിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി പിരിക്കാനാണ് സഹായിയെ എടുത്തിട്ടുള്ളത് ഇവര്‍ക്ക് ശമ്ബളം നല്‍കിയിരുന്നത് കൃഷി ഓഫീസറായ വസന്തകുമാരിയായിരുന്നു. ഇവരുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി ചില ഫയലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒാഫീസിലും ഇവര്‍ ചില ഫയലുകള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നതും കണ്ടെത്തിയിട്ടുണ്ട്.
നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ സ്ഥിരമായി പങ്കെടുക്കാതിരിക്കുന്നതിനാല്‍ മാസങ്ങള്‍ക്ക് മുന്‍പ് യോഗത്തില്‍ വിളിച്ചു വരുത്തി കൃഷി ഓഫീസറോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പിമാരായ എന്‍.രാജന്, മനോജ് കുമാര്‍, സി.ഐമാരായ വി.നിഷാദ് മോന്, റിജോ പി ജോസഫ്, എസ്.ബിനോജ് , എസ്.ഐ മാരായ കെ.സന്തോഷ്, വിന്‍സന്റ് കെ.മാത്യു എന്നിവരാണ് റെയ്ഡിനെത്തിയത്. പരിശോധനയ്ക്ക് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ സി. ബിജുകുമാര്‍, ഇക്കണോമിക്സ് വകുപ്പ് റിസര്‍ച്ച് ഓഫീസര്‍ അഭിലാഷ് കെ. ദിവാകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത പണം കോളേജ് വിദ്യാര്‍ത്ഥിയായ മകന്റെ ഫീസിനായി സൂക്ഷിച്ചിരുന്നതാണെന്നാണ് വസന്തകുമാരിയുടെ മൊഴി.