കോഴിക്കോട് ജില്ലയില്‍ മഴക്കെടുതി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്താല്‍ ഒറ്റപ്പെട്ട നിലയിലാണ്. കുറ്റ്യാടിയിലും കണ്ണാടിക്കലും കൊയിലാണ്ടിയിലും വെള്ളത്തില്‍ വീണ് നാല് പേര്‍ക്ക് ജീവന് നഷ്ടമായി. കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിച്ചു. ചാലിയാറും ഇരുവഴിഞ്ഞിയും പൂനൂര്പുഴയുമെല്ലാം നിറഞ്ഞ് കവിഞ്ഞതോടെ വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമായി.
ദുരന്ത നിവാരണ സംവിധാനങ്ങള്‍ പോലും എത്തിക്കാനാവാത്ത അവസ്ഥയിലാണ് കുറ്റ്യാടി. പേരാമ്പ്രയ്ക്ക് അപ്പുറത്തേക്ക് മുഴുവന്‍ വെള്ളം കയറി കിടക്കുന്നു. വളയന്നൂരില്‍ ഒഴുക്കില്‍ പെട്ട മാക്കൂല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരുടെ മൃതദേഹം രാവിലെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തി. കോഴിക്കോട് കണ്ണാടിയ്ക്കലില് വെള്ളക്കെട്ടില്‍ വീണയാളും മരണപ്പെട്ടു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ മൂന്നടിയായി ഉയര്‍ത്തി. ഇതോടെ കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂര്‍, വേളം, കുറ്റിയാടി,കായക്കൊടി ചങ്ങരോത്ത് തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു.
ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നതോടെ കൊടിയത്തൂര്‍,കാരശേരി,ചാത്തമംഗലം എന്നിവിടങ്ങളിലും വെള്ളപൊക്ക കെടുതികള്‍ രൂക്ഷമായി. മാവൂര്‍ ഭാഗത്തും കെടുതികള്‍ ഇന്നും തുടര്‍ന്നു. മുക്കത്ത് നെല്ലിക്കാപറമ്പിലടക്കം വെള്ളം കയറിയതോടെ എടവണ്ണ-കൊയിലാണ്ടി ദേശീയ പാതയിലും ഗതാഗത തടസമുണ്ടായി. കുറ്റിക്കാട്ടൂര്‍ മുതല്‍ മാവൂര്‍ വരെയുള്ള ഭാഗങ്ങളില്‍ പലയിടങ്ങളും വെള്ളത്തിനടയിലായി.