കശ്മീരിൽ ലെെവ് റിപ്പോർട്ടിങിനിടെ ജനങ്ങളില്‍ നിന്നും അപ്രതീക്ഷിത പ്രതികരണമാണ് സീ ന്യൂസ് മാധ്യമ പ്രവർത്തകന് ലഭിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിന് പിറകെ ജനങ്ങളുടെ പ്രതികരണമറിയാൻ ചെന്നപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാരവൻ മാഗസിൻ ഫോട്ടോ എഡിറ്റർ ഷാഹിദ് തന്ത്രയ് ആണ് സംഭവം ട്വിറ്ററിലൂടെ ഷെയർ ചെയ്തത്.
കശ്മീർ വിഭജന ബില്ലും, പുനസംഘടനാ ബില്ലും പാസാക്കിയ കേന്ദ്ര സർക്കാർ, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടന അനുച്ഛേദം 370ഉം എടുത്ത് മാറ്റിയിരുന്നു. ഇന്ത്യക്കും കശ്മീരിനും ഇടയിൽ തടസ്സം സൃഷ്ടിക്കുകയാണ് ആർട്ടിക്കിൾ 370 എന്ന് പാർലമെന്റിൽ പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീരിൽ ഇനി വികസനം കൊണ്ടുവരേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. ഇതേ കുറിച്ച് റിപ്പോർട്ടർ സംസാരിക്കുന്നതിനിടയിലാണ് ജനങ്ങൾ കയറി ഇടപെട്ടത്.
‘കശ്മീര്‍ ദുരിതത്തിലാണ്’ (കശ്മീര്‍ മേ സുല്മ് ഹേ) എന്ന് റിപ്പോര്‍ട്ടറോട് ജനങ്ങള്‍ പറഞ്ഞു. എന്നാല്‍ 70 വർഷമായി മുടങ്ങി കിടക്കുന്ന കശ്മീരിന്റെ വികസനമാണ് ഇപ്പോൾ ജനങ്ങൾ ആവശ്യപ്പെടുന്നത് എന്ന് ക്യാമറ നോക്കി അവസാനിപ്പിക്കാനിരിന്ന റിപ്പോർട്ടറെ തടസ്സപ്പെടുത്തി, ഇവയെല്ലാം നുണയാണ്, കശ്മീർ ദുരിതത്തിലാണ് എന്ന് കൂടിനിന്നവർ ഒച്ചയിടുകയായിരുന്നു.