India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യവും കോടതി തള്ളിയിരുന്നു.

ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണു കണ്ടെത്തിയതെന്നു കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. 72 മണിക്കൂര്‍ ശ്രീറാം നിരീക്ഷണത്തില്‍ തുടരണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയത്. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളമെടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കുകയും ചെയ്തു.

ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്ര മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നു കണ്ടെത്താനുള്ള പരിശോധനയാണ് ഡോപുമിന്‍ ടെസ്റ്റ്.

സ്വാധീനമുപയോഗിച്ച് ശ്രീറാം കേസ് അട്ടിമറിച്ചെന്ന് സിറാജ് മാനേജ്‌മെന്റ്. അതേസമയം ശ്രീറാമിന് ജാമ്യം ലഭിച്ചതുകൊണ്ട് കേസ് അവസാനിച്ചതായി കരുതുന്നില്ലെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധി സൈഫുദീന്‍ ഹാജി മീഡിവണ്ണിനോട് പറഞ്ഞു.

ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ശ്രീറാം വാദിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരണയെ തുടര്‍ന്നുണ്ടായതാണ്. മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിലും എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

കേസ് അന്വേഷിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. കേസ് അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും അമിത വേഗത്തില്‍ വാഹനമോടിച്ചതായും വ്യക്തമാക്കുന്ന സഹയാത്രിക വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്തായി. പല തവണ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീറാം തയ്യാറായില്ലെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.