പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മുകശ്മീര്‍. കശ്മീരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കശ്മീരില്‍ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നും അവര്‍ ഭീകരവാദികളല്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
പ്രത്യേക അധികാരം റദ്ദാക്കി, സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം ജമ്മുകാശ്മീരില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്നതാണ് ഉയരുന്ന ആശങ്ക. ബില്‍ പാസാക്കിയതിന് പിന്നാലെ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇന്നലെ ജമ്മുകാശ്മീര്‍ സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ജമ്മുകാശ്മീരിലെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം റദ്ദാക്കാനുള്ള തീരുമാനത്തില്‍ പ്രദേശവാസികളുടെ പിന്തുണയുണ്ടെന്നാണ് ഡോവലിന്റെ റിപ്പോര്‍ട്ട്. ജമ്മുകാശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം എണ്ണായിരത്തോളം സി.ആര്.പി.എഫ് ജവാന്മാരെ കൂടി ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി , ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ ഇപ്പോഴും അറസ്റ്റിലാണ്.
ഇതിനിടെ ഭക്ഷണസാധാനങ്ങള്ക്ക് ദൌര്‍ലഭ്യം നേരിടാനിയുണ്ടെന്ന് പ്രചാരണത്തെ തള്ളി അധികൃതര്‍ രംഗത്ത് വന്നു. മൂന്ന് മാസത്തോളം ആവശ്യമായത്ര ഭക്ഷണസാമിഗ്രികള് ജമ്മുകശ്മീരില്‍ ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രത്യേക അധികാരം റദ്ദാക്കിയതിന് സാഹചര്യത്തില്‍ പ്രധാമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും