ബി.ജെ.പി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളുടെ വിശാല സഖ്യത്തിന് നേതൃത്വം നല്‍കി ത്രിണമൂല്‍ കോണ്‍ഗ്രസ്. നാളെ കൊല്‍ക്കൊത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി നടക്കും. ടി.ആര്‍.എസ് റാലിയില്‍ നിന്നും വിട്ട് നില്‍ക്കും.
ബി.എസ്.പി അധ്യക്ഷ മായാവതിയെ പോലെ പ്രധാനമന്ത്രി പദം തന്നെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെയും ലക്ഷ്യം. 42 ലോക്സഭ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ 34 സീറ്റ് കഴിഞ്ഞ തവണ ലഭിച്ചെഹ്കില്‍ല്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും ലഭിക്കുമെന്നാണ് ടി.എം.സിയുടെ പ്രതീക്ഷ. എസ്.പിയുമായി സഖ്യത്തിലേര്‍പ്പെട്ടതോടെ 38 സീറ്റാണ് മായാവതിയുടെ ബി.എസ.പിക്കുള്ളത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റ കക്ഷിയായി വരാതിരിക്കുകയും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ സാഹചര്യം മമതക്ക് അനുകൂലമാകും. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ആയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
അതുതന്നെയാണ് മഹാറാലിയിലൂടെ ടി.എം.സി ലക്ഷ്യമിടുന്നതും. 125 സീറ്റ് പോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്നാണ് മമതയുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബി.എസ്.പി നേതാവ് സതീഷ് മിശ്ര, ഒപ്പം ജെ.ഡി.എസ്, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ആര്‍.എല്‍.ഡി,നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, എ.എ.പി, എന്‍.സി.പി,എസ്.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളും പരിപാടിക്കെത്തും. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ശൂരി, ശത്രുഘ്നന്‍ സിന്‍ഹ, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും വിട്ട് നില്‍ക്കും. റാലിയുടെ ഭാഗമായി വന്‍ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.