കണ്ണൂര്‍ കോര്പ്പറേഷന് ഭരണ സമിതിക്കെതിരെ ഇന്ന് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും. കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കാന് യു.ഡി.എഫ് തീരുമാനിച്ചത്. കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.
അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. പഞ്ഞിക്കീല്‍ വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്പ്പറേഷന് ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് യു.ഡി.എഫ് സ്ഥനാര്‍ത്ഥി കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയത്. എന്നാല്‍ മേയര്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. കാലാവധി കഴിയാന്‍ ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഒടുവില്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിനും തുടര്‍ന്ന് ലീഗിനും നല്കാന് യു.ഡി.എഫില്‍ ധാരണയായി. തുടര്‍ന്നാണ് ഇന്നലെ കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കാറന്‍ തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിന് പിന്നാലെ കണ്ണൂര്‍ കോര്പ്പറേഷന് ഭരണവും എല്‍.ഡി.എഫിന് നഷ്ടമാകും.