മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശ്രീറാമിന്റെ രക്തപരിശോധനാ ഫലവും ഇന്ന് പൊലീസിന് കൈമാറും. ശ്രീ റാമിന്റെ സസ്‌പെൻഷൻ കാര്യത്തിലും സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും.
കോടതിയാണ് ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുക. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശ്രീറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നിർണായകമായ രക്ത പരിശോധനാ ഫലം ഇന്ന് ലഭിക്കും. പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. സമയം വൈകിയതിനാൽ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തേ വിമർശനമുണ്ടായിരുന്നു. രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കുറക്കാൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മരുന്നു നൽകിയെന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
രക്ത പരിശോധനാ ഫലം നെഗറ്റീവായാൽ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിനെതിരെ നിലനിൽക്കുക. ജാമ്യം ലഭിക്കാനും എളുപ്പമാകും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും. ശ്രീറാം റിമാന്‍ഡിലായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് തന്നെ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന.