മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്ക് കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ടെന്നും വൈകീട്ട് അഞ്ചുമണിക്കു മുമ്പ് അറസ്റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ അവിടെ വെച്ചായിരിക്കും അറസ്റ്റ് ചെയ്യുക. ചികിത്സ തുടരാൻ അനുവദിച്ച ശേഷം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും.
അപകടം നടന്നയുടൻ, മദ്യപിച്ചോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള രക്തപരിശോധന നടത്താതെയാണ് പൊലീസ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ച് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ഡോക്ടർ തിരിച്ചറിഞ്ഞെങ്കിലും രക്തം പരിശോധിക്കാൻ പൊലീസ് ആവശ്യപ്പെട്ടില്ല. പിന്നീട് മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് 10 മണിക്കൂറിനു ശേഷം രക്തസാംപിളെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു.
രക്തപരിശോധനാ ഫലം പുറത്തുവരുന്നതിനു മുമ്പേയാണ് നരഹത്യക്ക് കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അപകടമുണ്ടാക്കിയതിനു ശേഷമുള്ള ആദ്യമണിക്കൂറുകളിൽ അലംഭാവം കാണിച്ച പൊലീസ് ഇപ്പോൾ ജാഗ്രതയോടെയാണ് കേസ് കൈര്യം ചെയ്യുന്നത്.