Cricket Sports

കൊഹ്‍ലിയുടെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഓസീസ് താരം

ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 24 സെഞ്ച്വറികള്‍ തികച്ചവരുടെ റെക്കോര്‍ഡ് ബുക്കില്‍ ഇന്നലെ വരെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയായിരുന്നു ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന് പിന്നിലായി രണ്ടാമന്‍. എന്നാല്‍ ഇന്ന് മുതല്‍ ഈ റെക്കോര്‍ഡ് ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ പേരിലായിരിക്കും. 123 ഇന്നിങ്സുകളില്‍ നിന്നാണ് വിരാട് കൊഹ്‍ലി 24 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതെങ്കില്‍ 118 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നേട്ടത്തിലേക്ക് ഓസീസ് താരം എത്തിയത്.

ഇതേസമയം, ഒന്നാം സ്ഥാനത്തുള്ള ബ്രാഡ്മാന്‍ കേവലം 66 ഇന്നിങ്സുകളില്‍ നിന്നാണ് 24 ടെസ്റ്റ് സെഞ്ച്വറികള്‍ കുറിച്ചത്. 125 ഇന്നിങ്സുകളില്‍ നിന്ന് 24 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പട്ടികയിലെ നാലാം സ്ഥാനക്കാരനാണ്. സുനില്‍ ഗവാസ്കറാ (128) ണ് അഞ്ചാമന്‍. ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ തന്നെ സെഞ്ച്വറി നേടിയാണ് മുന്‍ ഓസീസ് നായകനായ സ്മിത്ത് ഈ നേട്ടം എത്തിപ്പിടിച്ചത്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് എട്ടു വിക്കറ്റിന് 122 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ രക്ഷകനായത് സ്മിത്തായിരുന്നു. വാലറ്റത്ത് പീറ്റര്‍ സിഡിലിനെയും നഥാന്‍ ലിയോണിനെയും കൂട്ടുപിടിച്ചായിരുന്നു സ്മിത്തിന്റെ രക്ഷാപ്രവര്‍ത്തനം. ഒടുവില്‍ ഓസീസിനെ 284 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ച ശേഷമാണ് സ്മിത്ത് മടങ്ങിയത്.