മകരമാസ പൂജകൾ കഴിഞ്ഞ് ശബരിമല നട അടയ്ക്കാൻ ഇനി രണ്ട് നാൾ കൂടി. മാളികപ്പുറത്ത് നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് നടക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ വരെ മാത്രമേ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കളഭപൂജയും ഇന്ന് നടക്കും. മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്ത് ഇന്ന് അവസാനിക്കും. ഇന്നലെ പുലിവാഹനനായ അയ്യപ്പ രൂപമാണ് കളമെഴുതിയത്. നാളെ സന്നിധാനത്ത് സാധാരണ പൂജകളെല്ലാം നടക്കും. രാത്രി നട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരിതി. 20ന് രാവിലെ രാജപ്രതിനിധിയ്ക്ക് മാത്രമേ ദര്‍ശനമുള്ളു.
ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ ശിരോവസ്ത്രം അണിയിച്ച് കയ്യില്‍ അമ്പും വില്ലും നല്കി രാജപ്രതിനിധിയുമായി കൂടിക്കാഴ്ച ഒരുക്കും. സന്നിധാനത്തെ ചടങ്ങുകള്‍ക്ക് ശേഷം രാജപ്രതിനിധി പമ്പയില്‍ എത്തി തിരുവാഭരണത്തോടൊപ്പം യാത്ര തുടരും. തിരുവാഭരണ മടക്കയാത്ര 22ന് വൈകിട്ട് അഞ്ചിന് ആറന്മുള ക്ഷേത്രത്തിൽ എത്തും. 23ന് പുലര്‍ച്ചെ ആറന്മുളയില് നിന്നും പുറപ്പെട്ട് എട്ടോടെ പന്തളം കൊട്ടാരത്തില്‍ എത്തുന്ന തിരുവാഭരണം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത അറയില്‍ സൂക്ഷിക്കും. രാജപ്രതിനിധി ക്ഷേത്രത്തിന് ചുറ്റും വലംവച്ച് ഉടവാളും അറയില്‍ എത്തിച്ചു മടങ്ങുന്നതോടെ മകരവിളക്ക് ഉത്സവത്തിന് സമാപനമാകും.