ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അഹിന്ദുവായതിന്റെ പേരില്‍ ഡെലിവറി ബോയിയില്‍ സ്വീകരിക്കാതെ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ. അമിത് ശുക്ലയെന്ന യുവാവാണ് ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതെ ഓര്‍ഡര്‍ റദ്ദാക്കിയത്. തുടര്‍ന്ന് ഇയാള്‍ ട്വിറ്ററില്‍ സൊമാറ്റോക്കെതിരെ രംഗത്തു വരികയും ചെയ്തു.
”ഞാന്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വന്നത് ഒരു അഹിന്ദുവാണ്. എന്റെ ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ അഹിന്ദുവിനെ അയച്ചതുകൊണ്ട് ഞാന്‍ ആ ഓര്‍ഡര്‍ റദ്ദാക്കി. ഡെലിവറി ബോയിയെ മാറ്റാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് ചെയ്യാന്‍ നിര്‍വാഹമില്ലെന്നും സൊമാറ്റോ അറിയിച്ചു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്ന നിര്‍ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. എനിക്ക് ഈ ഭക്ഷണം വേണ്ട. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്, പണവും മടക്കിത്തരണ്ട.” – ഇങ്ങനെയായിരുന്നു അമിത്തിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. ‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു അമിതിന് സൊമാറ്റോ നല്കിയ മറുപടി.