ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പി സെക്രട്ടറിയേറ്റ് നടയിൽ തുടരുന്ന സമരം അവസാനിപ്പിക്കാൻ ധാരണ. ശബരിമല നട അടച്ചതിന് ശേഷം സമരം തുടരുന്നത് നാണക്കേടുണ്ടാക്കുമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം. യുവതി പ്രവേശന വിധിക്കെതിരായ പുനപരിശോധനാ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവെച്ചതും സമരം നിർത്തുന്നതിന് കാരണമായി. സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാർട്ടിയിൽ പുതിയ വിവാദങ്ങൾക്ക് വഴിവെക്കും.
ഡിസംബർ മൂന്നിന് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയപ്പോള്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനാകുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ സമരത്തിന് നിറം കെട്ടു. സമരപ്പന്തലിൽ ആളൊഴിഞ്ഞു. വേണുഗോപാലൻ നായർ എന്നയാൾ തീ കൊളുത്തി സമരപ്പന്തലിലേക്ക് വരികയും മരിക്കുകയും ചെയ്തത് ആയുധമാക്കി സമരത്തിന് ആവേശമുണ്ടാക്കാന്‍ ശ്രമിച്ചതും വിപരീത ഫലമാണുണ്ടാക്കിയത്. ശബരിമലയിൽ യുവതി പ്രവേശനം സ്ഥിരീകരിച്ചപ്പോഴും സമരത്തിന് തീവ്രത കൂട്ടാനുള്ള ശ്രമം വിജയിച്ചില്ല. സംസ്ഥാന വ്യാപകമായി അറസ്റ്റും കേസുകളും വന്നതോടെ പാർട്ടി നേതൃത്വം വീണ്ടും കുരുക്കിലായി.
ഭരണസിരാകേന്ദ്രത്തിലെ സമരമായിട്ടും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. ഇതോടെ സമരം എങ്ങനെ തീര്ക്കണമെന്നറിയാത്ത ധര്മ്മസംഘടത്തിലായി ബി.ജെ.പി നേതൃത്വം. നിരാഹാരം കിടന്ന മഹിളാ മോർച്ച അധ്യക്ഷ വി.ടി രമയെ ആശുപത്രിയിലേക്ക് മാറ്റി മറ്റൊരാളെ സമരത്തിനിരുത്തിയ ശേഷം രണ്ട് ദിവസത്തിനുള്ളില്‍ സമരം അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ ധാരണ. ശബരിമല കർമ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുൻപ് സമരം അവസാനിപ്പാക്കാനാണ് സാധ്യത.