സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടുത്തിയാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നല്‍കിയത്. ഉത്തരവിൻമേൽ എന്ത് നടപടിയെടുക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ ഒന്നര വർഷമായി സസ്പെൻഷനിൽ തുടരുന്ന ജേക്കബ് തോമസിന് അനുകൂലമായി ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് വന്നത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വട്ടമാണ് ഡി.ജി.പി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണല്‍ നിര്‍ദേശം. ഇതിന് പിന്നാലെയാണ് ഉത്തരവിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാറിന് കത്ത് നൽകിയത്.
തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് എന്തുനിലപാട് സ്വീകരിക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തില്ലെന്നാണ് സൂചന. ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.