എറണാകുളത്ത് സി.പി.ഐ മാര്‍ച്ചിനിടെ എം.എല്‍.എക്ക് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. സി.പി.ഐ പ്രവര്‍ത്തകരുടെ തുടര്‍ച്ചയായ പ്രകോപനമാണ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് എന്താണെന്ന് ആദ്യം മനസ്സിലാക്കട്ടെയെന്നും പ്രതികരിക്കാനില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഞാറയ്ക്കല്‍ സി.ഐയ്ക്ക് നേരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സി.പി.ഐയുടെ ആവശ്യ പ്രകാരം മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
വിശദ പരിശോധനയ്ക്ക് ശേഷം എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ച പറ്റിയതായി വ്യക്തമാക്കുന്നത്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാമായിരിന്നുവെന്നും, ലാത്തിചാര്‍ജ്ജ് ചെയ്യുന്നതിന് മുന്‍പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങല്‍ പൊലീസ് പൂര്‍ണ്ണാമായും പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കുന്നുണ്ട്.
മാത്രമല്ല, ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം അന്ന് രാവിലെ മാത്രമാണ് പൊലീസ് അറിഞ്ഞത്. പരിചിതമായ മുഖങ്ങള്‍ ആയിട്ട് പോലും എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ ലാത്തിചാര്‍ജ്ജ് നടത്തിയതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.
പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി പ്രകോപനം ഉണ്ടായപ്പോഴാണ് ലാത്തിചാര്‍ജിലേക്ക് കാര്യങ്ങള്‍ നീങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിയായിരിക്കും നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.