India Kerala

ഡോക്ടറായും, കലക്ടറായും, പൊലീസായും വേഷമിട്ട് തട്ടിപ്പ്; ഒടുവില്‍ പിടിയില്‍

ഇടയ്ക്ക് ഡോക്ടറാണ്. ചിലപ്പോള്‍ കലക്ടറും. ഒരിക്കല്‍ ചീഫ് വിജിലന്‍സ് ഓഫീസറുമായി. തട്ടിപ്പിനായി കോഴിക്കോട് പേരാമ്പ്ര സ്വദേശി കെട്ടിയ വേഷമാണിതെല്ലാം. വി.ഐ.പി വേഷം മാത്രമല്ല പണം തട്ടിയെടുക്കാന്‍ രോഗി വരെയാകും. അവസാനം കാന്‍സര്‍ രോഗി ചമഞ്ഞ് സന്നദ്ധ സംഘടനയില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പിടിയിലാവുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര പാനമ്പ്രല്‍ സുബൈറാണ് പിടിയിലായത്.

ക്യാന്‍സര്‍ രോഗിയാണെന്ന പേരില്‍ വെല്‍നസ് ഫൌണ്ടേഷനില്‍ നിന്നും ആദ്യം രണ്ട് ലക്ഷം രൂപ സുബൈര്‍ കൈപറ്റി. വീണ്ടും അമ്പതിനായിരം രൂപ കൂടി കൈപറ്റാന്‍ എത്തിയപ്പോഴാണ് തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞത്.

ക്ഷീര വികസന ഓഫീസര്‍, ചീഫ് വിജലന്‍സ് ഓഫീസര്‍ എന്നിവയായി ചമഞ്ഞ് തിരുവനന്തപുരത്തെ സന്നദ്ദ സംഘടനയില്‍ നിന്നും ഇയാള്‍ പണം തട്ടിയിരുന്നു. ഇതിനായി ഗവര്‍ണറുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് വരെ നിര്‍മിച്ച കേസിലും പ്രതിയാണ്.

മലപ്പുറം എടക്കരയില്‍ ക്ഷീര വികസന ഓഫീസര്‍ ചമഞ്ഞ് കന്നുകാലി വില്‍പനകാരില്‍ നിന്നും പണം തട്ടിയ കേസ് നിലവിലുണ്ട്. തലശേരിയില്‍ സബ് കലക്ടര്‍ ചമഞ്ഞും കോഴിക്കോട് ഡോക്ടര്‍ ചമഞ്ഞും വര്‍ഷങ്ങള്‍ക്ക് മുന്പ് ഇയാള്‍ പണം തട്ടിയതായി കേസുണ്ടായിരുന്നു.