സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി കണ്ടു. കേരളത്തിന്റെ മുഴുവന്‍ പിന്തുണയും അടൂരിനുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജയ് ശ്രീറാം വിളി കേള്‍ക്കേണ്ട എങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെ എന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ അടൂര്‍ സ്വീകരിച്ച നിലപാട് ധീരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ ആക്രമണമാണ് നടക്കുന്നത്. ബി.ജെ.പി ഉന്നത നേതൃത്വം പോലും ബി.ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തെ പിന്തുണക്കുകയാണ് ചെയ്തതെന്ന് കുമ്മനം രാജശേഖരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു. ഒരാള്‍ ഒരു വിവരക്കേട് പറഞ്ഞെന്ന് കരുതി അതിനെ ന്യായീകരിക്കുകയും പിന്തുണക്കുകയുമാണ് മറ്റ് ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.