India National

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് ജാമ്യം

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. മകളുടെ വിവാഹം നടത്തുന്നതിനാണ് നളിനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പിതാവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ വര്‍ഷം പ്രതിക്ക് ഒരു ദിവസത്തെ ജാമ്യമനുവദിച്ചിരുന്നു. ഇത് കൂടാതെ 28 വര്‍ഷത്തിന് ശേഷമാണ് നളിനിക്ക് ജാമ്യം ലഭിക്കുന്നത്. വെല്ലൂര്‍ വിടുന്നതിനും മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും കാണുന്നതിനും വിലക്കുണ്ട്.

കര്‍ശ്ശന ഉപാധിയില്‍ കഴിഞ്ഞ മാസമാണ് ഇവര്‍ക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. നളിനിയുടെ ഭര്‍ത്താവ് മുരുകനും ഇതേ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. കേസില്‍ ഇവര്‍ക്ക് നേരത്തെ കോടതി വധശിക്ഷ വിധിച്ചെങ്കിലും സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയിലില്‍ വെച്ചാണ് നളിനി മകള്‍ക്ക് ജന്മം നല്‍കിയത്. തമിഴ്നാട് മന്ത്രിസഭ നളിനിയെ വിട്ടയക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.