കോഴിയിറച്ചി വിപണിയില്‍ ചുവടുവെക്കാനൊരുങ്ങി കുടുംബശ്രീ യൂണിറ്റ്. തിരുവനന്തപുരം ചാന്നാങ്കരയിലാണ് ആധുനിക പൌള്‍ട്രി പ്രോസസിംഗ് പ്ലാന്റും ബ്രോയിലര്‍ സ്റ്റോക് പേരന്റ് ഫാമും ഒരുങ്ങുന്നത്. സെപ്തംബറോടെ കേരള ചിക്കന്‍ വിപണിയിലെത്തും.
ചാന്നാങ്കരയിലെ അഞ്ചേക്കര്‍ സ്ഥലത്താണ് പ്ലാന്റ് നിര്‍മിക്കുന്നത്. നല്ല കോഴിയിറച്ചി ചുരുങ്ങിയ വിലക്ക് വില്ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മണിക്കൂറില്‍ ആയിരം കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ടാകും. ഓരോ യൂണിറ്റിലും ആഴ്ചയില്‍ ആറായിരം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കും. മുട്ടകൾ ഹാച്ചറികളിൽ വച്ച് വിരിയിച്ച കുഞ്ഞുങ്ങളെ കുടുംബശ്രീ ഫാമുകൾക്ക് നൽകുകയും തുടർന്ന് വളർച്ചയെത്തിയ കോഴികളെ തിരിച്ചെടുത്ത് പ്രോസസ് ചെയ്തു വിപണിയിൽ എത്തിക്കുകയുമാണ് ലക്ഷ്യം. ആധുനിക പൌള്‍ട്രി പ്രോസസിംഗ് പ്ലാന്റിന്റ ശിലാസ്ഥാപനം മന്ത്രി എ.സി മൊയ്തീന് നിര്‍വഹിച്ചു.
ബ്രോയ്ലർ സ്റ്റോക്ക് പേരന്റ് ഫാമിന്റെ ശിലസ്ഥാപനം മന്ത്രി കെ.രാജുവാണ് നിര്‍വഹിച്ചത്. കേരള ചിക്കന്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ രാജുവിനെ കരിങ്കൊടി കാണിച്ചു. സെപ്റ്റംബറോടെ കേരളാ ചിക്കൻ വിപണിയിൽ ലഭ്യമായിത്തുടങ്ങും. കുടുംബശ്രീ വഴി എല്ലാ ജില്ലകളിലും ഇതിനായി റീട്ടെയൽ ഔട്ട്ലെറ്റുകളും ഹോൾസെയിൽ ഔട്ട്ലെറ്റുകളും ആരംഭിക്കും.