Entertainment

പാര്‍വ്വതിക്ക് കഴിവുണ്ടായിട്ടും ഉയരെയില്‍ ടൊവിനോയും ആസിഫലിയും ഇടം പിടിച്ചു; ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കല്‍ എളുപ്പമല്ലെന്ന് ഹണി റോസ്

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് സിനിമക്കുള്ളില്‍ നിന്ന് തന്നെ വീണ്ടുമൊരു തുറന്ന് പറച്ചില്‍ കൂടിയുണ്ടായിരിക്കുന്നു. നടിയും താര സംഘടയായ അമ്മയുടെ എക്സിക്യൂടിവ് കമ്മിറ്റിയംഗവുമായ ഹണി റോസാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുന്നത്. മറ്റേതൊരിടത്തുമുള്ളത് പോലെ തന്നെ സിനിമയിലും വിവേചനമുണ്ടെന്ന് ഹണി റോസ് തുറന്ന് പറയുന്നു. ഇവിടെ സിനിമയുണ്ടാക്കുകയെന്നത് സ്ത്രീകള്‍ക്ക് അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ഹണി പറയുന്നു. ‘നമ്മുടെ ഇന്‍ഡസ്ട്രി നായകന്‍മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം.

ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താത്പര്യം’ ഹണി റോസ് പറയുന്നു. മാത്രമല്ല ഇതേ പ്രശനം നേരിടുന്ന ഒരു സിനിമയിലാണ് താനിപ്പോള്‍ അഭിനയിക്കുന്നതെന്നും താരം തുറന്ന് പറഞ്ഞു. വി.കെ.പി സംവിധാനം ചെയ്യുന്ന എന്‍റെ അടുത്ത സിനിമ ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ്. സിനിമയുടെ തിരകഥ ഒരുക്കിയ വീണ ആണ് എന്നെ സമീപിച്ചത്. മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് വീണ.

ഈ ചിത്രത്തെക്കുറിച്ച് വീണയ്ക്കുള്ള വ്യക്തതയില്‍ എനിക്കും മതിപ്പ് തോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രേമിനെക്കുറിച്ചും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. വളരെ കൃത്യമായാണ് വീണ കഥ വിവരിച്ചത്. നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ക്കൊക്കെയും പ്രമേയം ഇഷ്ട്ടപ്പെട്ടു. തുടക്കത്തില്‍ വീണ തന്നെ ചിത്രം സംവിധാനം ചെയ്യാമെന്നാണ് കരുതിയിരുന്നത്. പക്ഷെ വീണ ഒരു സ്ത്രീയാണെന്നതായിരുന്നു പലരും ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം. ഒരു സ്ത്രീക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാവില്ല’. ഹണി റോസ് പറയുന്നു.