സി.പി.ഐയുടെ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങും. ജനറല്‍ സെക്രട്ടറി പദം ഒഴിയാൻ സന്നദ്ധത അറിയിച്ച എസ്. സുധാകര റെഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനം. തെരഞ്ഞെടുപ്പ് അവലോകനവും നടക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ജനറല്‍ സെക്രട്ടറി പദത്തിൽ നിന്നുള്ള രാജി സന്നദ്ധത എസ് സുധാകര റെഡി അറിയിച്ചത്. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. മുതിര്‍ന്ന നേതാവ് ഡി.രാജക്കാണ് മുന്‍തൂക്കം.
ദലിത് നേതാവ് എന്നതും പരിചയസമ്പത്തും പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധവും ഡി.രാജയ്ക്ക് അനുകൂല ഘടകമാണ്. അതുൽ കുമാർ അഞ്‍ജാൻ, അമർജീത് കൗർ എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ട്. ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിലേക്ക് കടക്കും. പാർട്ടി കോൺഗ്രസ് വരെ സുധാകർ റെഡ്ഡി തുടരട്ടെ എന്ന തീരുമാനവും എടുത്തേക്കും.
ജനറൽ സെക്രട്ടറി ഊര്‍ജ്ജസ്വലനായ നേതാവാകണമെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. ചർച്ചയിൽ ഉയര്‍ന്നുവന്നെങ്കിലും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് സെക്രട്ടേറിയേറ്റ് യോഗത്തില്‍ ബിനോയ് വിശ്വം അറിയിച്ചു. രാവിലെ ആരംഭിക്കുന്ന എക്സിക്യൂട്ടീവിന് ശേഷമാണ് കൗണ്‍സില്‍ യോഗം ചേരുക.