India Kerala

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിച്ചേക്കും

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിൽ എത്തിക്കുമെന്ന് സൂചന. ‌ അഖിലിനെ കുത്തിയ ആയുധം ഇതു വരെ കണ്ടെത്തിയിട്ടില്ല. സർവകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കണ്ടെടുത്തതിലും പ്രതി ശിവരഞ്ജിത്തിനെതിരെ കൂടുതൽ കേസെടുത്തു.

മൂന്ന് ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് യുണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അഖിലിനെ കുത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട്. അറസ്റ്റിലായ 6 പേരുൾപ്പെടെ 16 പേർക്കെതിരെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയം ഒന്നാം പ്രതി ശിവരഞ്ഞ് ജിത്തിനെതിരെ കൂടുതൽ കേസ് എടുത്തു. സർവകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ചതിനും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ കണ്ടെടുത്തതിലുമാണ് കന്റോൺമെന്റ് പൊലീസ് കൂടുതൽ കേസെടുത്തു. അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരമെഴുതിയാണ് പൊലീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതെന്നും ശിവരഞ്ഞ്ജിത്ത് മൊഴി നൽകിയിട്ടുണ്ട്.